Monday, June 6, 2011

അഹം

തൂലിക തിരയുന്ന പദമാണ് ഞാന്‍!


കാലരാഥത്തിന്‍റെ തേഞ്ഞു ഞരങ്ങുന്ന ചക്രങ്ങള്‍ക്കു മേല്‍

മണല്‍ത്തരിയായ് എനിക്കിന്ന് യാത്ര!

സംസ്കൃതികള്‍ ഉറങ്ങുന്ന നദീതടങ്ങള്‍ പിന്നിട്ട്‌,

പദങ്ങളാല്‍ ഇതിഹാസം സൃഷ്ട്ടിച്ച മഹാകവികളെ പിന്നിട്ട്‌,

സാമ്രാജ്യങ്ങള്‍ പിടഞ്ഞസ്തമിച്ച കാലടികള്‍ പിന്നിട്ട്‌,

യാത്ര......


ഇടയില്‍ വിശുദ്ധിയുടെ ചക്രവാളം തിങ്ങുന്ന

ജീവന്‍റെ പുസ്തകത്തിലേയ്ക്ക് ഒന്നു കണ്ണുപായിച്ചു;

പക്ഷെ, അറിയാതെ കൈവിട്ട ആ ഭാഷയുടെ അമൃതകുംഭം,

എന്നോ എന്‍റെ കാല്‍ച്ചുവട്ടില്‍ വീണ് തകര്‍ന്നടിഞ്ഞിരുന്നു!


യുഗങ്ങളിലൂടൊഴുകി നീങ്ങുമീ യാത്രയിലെന്‍ സ്വത്വം

നഷ്ട്ടപെട്ട പളുങ്ക് പാദുകത്തെ തിരയുന്നു!

മൂന്ന് നാളില്‍ പണി കഴിച്ച ദേവാലയ കവാടം തിരയുന്നു!

രണഭൂവിലെ കാഴ്ച്ചകള്‍ അന്ധമാക്കിയ മനസ്സിന്നും

യോദ്ധാവേ മറന്നാ തേരാളിയെ തിരയുന്നു!


ജയിക്കാന്‍ യുദ്ധങ്ങളും

സ്വന്തമാക്കാന്‍ സാമ്രാജ്യങ്ങളും ഇനി ബാക്കിയില്ല!

മറയുന്ന മുഖങ്ങളും, മങ്ങുന്ന സ്വരങ്ങളും

ദൃശ്യങ്ങളില്‍ നിറയുന്നു...


ശിശുവില്‍ നിന്ന് രക്ഷസ്സിലേയ്ക്ക്

പണ്ഡിതയില്‍ നിന്ന് സ്വപ്നാടകയിലേയ്ക്ക്

എത്ര വേഷങ്ങള്‍ സമര്‍ത്ഥമായ്‌ പകര്‍ന്നാടുന്നു

എന്‍റെ മൂഢമായ സ്വത്വം.


ആടി തിമിര്‍ത്ത വേഷങ്ങളോ

ഞാന്‍ എന്ന പദത്തെ,

അതിന്‍റെ അര്‍ത്ഥശൂന്യതയെ പരിഹസിക്കുന്നു.

ഇരുളിലാരോ വലിച്ചെറിഞ്ഞ നിഴലായൊടുങ്ങുന്നു ഞാന്‍!

ഇനി എനിക്ക് അസ്ഥി തുളയ്ക്കുന്ന ഇരുമ്പാണികളും

യുഗപര്യവസാനിയായ അമ്പുകളും കൂട്ട്!


കാലമേ, മാത്സര്യസരിത്തിന്‍ തീരത്ത് വേരൂന്നിയ

വാസ്തവങ്ങളെ കടപ്പുഴക്കുക;

എന്‍റെ മുറിവേറ്റ അഹന്തയ്ക്കു മേല്‍

ഞാനൊരു വെന്നിക്കൊടി പാറിച്ചോട്ടെ!

Tuesday, May 24, 2011

വേനല്ക്കിനാക്കള്‍


ഇന്നലെകള്‍ മരിച്ചുവെന്നെന്നോട് പറയു
നിന്‍റെ മിഴികളില്‍ വിടരുന്ന സായന്തനങ്ങള്‍
ഞാന്‍ സ്വപ്നം കാണട്ടെ.

കണ്ണീരു ചിന്തിയ പാതയില്‍
ആഷാഡ മേഖങ്ങള്‍ എന്നെ തളയ്ക്കുന്നു.
ഉരുകി തീരാത്ത ചിറകുമായ്
എന്റെ മാനസം നീയെന്ന ആകാശം തിരയുന്നു.
അനന്തതയുടെ മറുതലയ്ക്കല്‍ നിന്നുള്ള
കാലത്തിന്‍റെ രോദനമായ്‌ നിന്‍റെ ഏകാന്തത.
കൌതുകത്തിന്‍റെ വേനല്ക്കിനാക്കളില്‍
ഞാനാ ഏകാന്തതയേയും കുരുക്കിയിട്ടു.
നീ വെറുക്കുന്ന കാലവര്‍ഷമാണ്
എന്‍റെ ഉള്ളില്‍ കനത്തു പെയ്യുന്നത്.
അറ്റമില്ലാത്ത പകലുകല്‍ക്കായ്‌ നീ കൊതിക്കുമ്പോള്‍
മഞ്ഞും മഴയുമൊരുക്കി ഞാന്‍ കാത്തിരുന്നു.

തഴുകിയുറക്കേണ്ട വാക്കുകള്‍
മാംസമില്ലാത്ത അസ്ഥിക്കോലങ്ങളായ്
നിന്നെ ഭയപ്പെടുതിയോ?
തിന്മയുടെ ഉല്‍പ്പത്തിയും
മാലാഖയുടെ ഹൃദയത്തില്‍ നിന്ന് തന്നെ!

Wednesday, April 6, 2011

ഇന്നലെ ഇന്ന് നാളെ


ഇന്നലെ

പിറന്നു വീണപ്പോള്‍ ഞാന്‍ പൊട്ടി ചിരിച്ചു...
പിറവിയുടെ അത്ഭുതം വിട്ടു മാറാതെ
അനേക നാളുകള്‍ നിദ്ര മറന്നു...
എന്‍റെ മിഴികള്‍ക്കു മുന്നില്‍
അക്ഷരങ്ങള്‍ ശലഭങ്ങള്‍ പോല്‍ നൃത്തം വെച്ചു...

ഇന്ന്

അടച്ചിട്ട വാതായനങ്ങള്‍ക്ക് പിന്നില്‍
എന്‍റെ കിടക്കയില്‍ വീണു ഞാന്‍
പൊട്ടികരയുമ്പോള്‍
അദൃശ്യമായ കരങ്ങള്‍ എന്നെ പൊതിയുന്നു...
ഇതെന്‍റെ സ്വകാര്യത...

നാളെ

ശൂന്യമായ മരുഭൂമിയില്‍ നാഴികകല്ലുകള്‍ തിരയുകയാവാം...
ഹൃദയസാഗരതീരത്ത് ഇന്ദുകാന്തങ്ങള്‍ തിരയുകയാവാം...
മണികര്‍ണികയിലെരിയുന്ന ചിതയിലെന്‍ ആത്മാവ് തിരയുകയാവാം...
എന്നെ അറിയാന്‍ ഓര്‍മ്മിക്കാന്‍
ഞാന്‍ മറന്നിരിക്കുന്നു....

Monday, March 21, 2011

കറുപ്പും വെളുപ്പും




കാഴ്ച്ച -
കണ്ണുനീര് വീണു കുതിര്‍ന്ന കടലാസ്സിലെ
ചിന്നി ചിതറിയ അക്ഷരങ്ങളാണ്.
വേനലിന്‍റെ ശൂന്യതയിലീ ഭൂവിന്
സാന്ത്വനമേകുന്ന മഴചാറ്റലാണ്.
രാജനീതിയുടെ അന്ത്യശാസനയെ
മഹത്വത്തിലേയ്ക്കുയര്‍ത്തിയ കാഹളമാണ്.
അടിമത്തത്തിന്‍റെ കൊടിമരത്തിലുയര്‍ത്തിയ
പതാകയില്‍ തെറിച്ചു വീണ രക്തമാണ്.
തളര്‍ന്ന മനസ്സിന്‍റെ വേദനയെ
ബാഷ്പീകരിക്കുന്ന ചെറുപുഞ്ചിരിയാണ്.
പാപത്തിന്‍റെ കടും ചുവപ്പിനെ
പവിത്രീകരിക്കുന്ന ജ്ഞാനസ്നാനമാണ്.
മൃതിയില്‍ നിന്ന് മൃതിയിലേയ്ക്കുള്ള
തീര്‍ഥാടനത്തിലെ വഴിയംബലമാണ്.


അന്ധത -
ഭക്തിയുടെ മാസ്മരികഭാവം
തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രോച്ചാരണമാണ്.
ചരിത്രത്തിന്‍റെ ഉള്ളുകള്ളികള്‍
ഓടിയൊളിക്കുന്ന ഗര്‍ത്തങ്ങളാണ്.
ആത്മാവില്‍ ആശ്വാസപ്പൂക്കള്‍
വാരിവിതറാത്ത ജപമാലയാണ്.
സൌഹൃദത്തെ വെട്ടിമുറിവേല്‍പ്പിച്ച
സ്വാര്‍ത്ഥതയുടെ മൂര്‍ച്ചയേറിയ വാളാണ്.
സ്വര്‍ഗ്ഗപ്രാപ്തിക്കായ്‌ കൊതിച്ചു
സ്വന്തമോഹങ്ങള്‍ക്കൊരുക്കിയ ചിതയാണ്.
വാഗ്ദാനങ്ങളുടെ ചതുപ്പില്‍
സ്നേഹത്തെ കുടുക്കിയ മൂഡപ്രഭാവമാണ്.
വേര്‍പ്പ് കണങ്ങളെ തുലാസ്സിലളക്കാത്ത
വ്യവസ്ഥിതിക്കര്‍ച്ചിച്ച തിലോദകമാണ്.


കറുപ്പ് – അന്ധമായ മിഴികളുടെ കാഴ്ചയാണ്.
വെളുപ്പ്‌ - കാഴ്ച്ചയുള്ള മിഴികളുടെ അന്ധതയാണ്.

Sunday, March 6, 2011

താരാട്ട്

ഞാന്‍ എന്‍റെ ശബ്ദമാണ്...
എന്നിട്ടുമിന്ന് കൊതിച്ചു പോയ്‌
ഈ നാവ് അരിഞ്ഞെറിഞ്ഞു
എന്നന്നേയ്ക്കുമായ് നിശബ്ദയാവാന്‍...

എന്‍റെ ഹൃദയ രക്തം വീണു ചുവന്ന
ഈ ജീവിത നടപ്പാതയില്‍
നിന്‍റെ വേദനകള്‍ക്ക് പുറം തിരിഞ്ഞു നിന്ന് കൊണ്ട്
എന്‍റെ പ്രണയം നിനക്കെങ്ങനെ ഞാന്‍ നല്‍കും...

നിനക്കായ്‌ നല്കാന്‍
എന്‍റെ മരിച്ചു മരവിച്ച മനസ്സില്‍
താളം മുറിഞ്ഞൊരു താരാട്ട് മാത്രം
ഒരു നിശബ്ദ പ്രാര്‍ത്ഥന മാത്രം

Wednesday, February 16, 2011

*ഗുരുദക്ഷിണ*

ഇന്നലെ എന്‍റെ നാദം ഏതോ രാപ്പാടിക്ക് ഭിക്ഷയായി
സിരകള്‍ സര്‍പ്പങ്ങള്‍ക്ക് വിഷമൊഴുക്കാനായ് വിട്ടു നല്‍കി
കനലുകളെരിഞ്ഞ മിഴികളെന്റെ കനവുകള്‍ക്ക് ചിതയായി
എന്‍റെ ഹൃദയമൊരു ബലിക്കല്ലില്‍ എറിഞ്ഞുടച്ചു...

ഇന്നെന്‍റെ ഓര്‍മകളുടെ മഷികൂടുടയുന്നു
മറവിയുടെ വനസ്ഥലികളില്‍ ഞാന്‍ എന്‍റെ സ്വത്വം തിരയുന്നു
ഭയപ്പെടുന്നു ഞാന്‍...
കടലാസ്സില്‍ അന്ധമായ് കോറി വരച്ച വാക്കുകള്‍
ജീവിതം പകര്‍ത്തിയെഴുതുകയാണ്...

ഈ അനിശ്ചിതത്വത്തിന് പേരില്ല.
ജീവിതത്തിന്‍റെ ഋതുഭേദങ്ങളെ തകിടം മറിച്ചു കൊണ്ടത്‌ പരന്നൊഴുകുന്നു
നാദവും രൂപവും വെടിഞ്ഞു ഞാനാ പ്രവാഹത്തിലലിയുന്നു
വീണ്ടുമൊരു പ്രളയമീ ഭൂവിനെ പ്രണയിക്കും വരെ...

Friday, February 11, 2011

ഒരു വെറും കഥ


ദൈര്‍ഖ്യം കുറഞ്ഞ പകലുകളുള്ള ജനുവരി പോയ്‌ മറയുന്നു. രക്തത്തില്‍ നിലാവ് ചാലിച്ച രാത്രികള്‍ക്ക് വിട. ശൈത്യത്തില്‍ നിന്ന് അത്യുഷ്ണതിലെയ്ക്കുള്ള പ്രകൃതിയുടെ ചുവടു മാറ്റത്തിന് തിടുക്കമേറുന്നു. മധ്യാഹ്നങ്ങളില്‍ കാറ്റിന്‍റെ രാഗം വന്യമാവുന്നു. ഇരുണ്ട് നീണ്ട ഇടനാഴിയ്കറ്റത്തെ മുറിയില്‍ ചില്ല് ജനാലയില്‍ തെളിഞ്ഞു മറയുന്ന നിഴലുകള്‍ നോക്കിയിരിക്കുന്നു ഞാന്‍; കാറ്റിന്‍റെയും ചില്ലകളുടെയും സംഗീതത്തിനു കാതോര്‍ത്തു കൊണ്ട്. ഹൃദയത്തിന്‍റെ ഭിത്തികളെ കൊത്തി വലിക്കുന്ന ഏകാന്തത. ജീവിതം അങ്ങനെയാണ്- സ്വന്തമെന്നു വിശ്വസിച്ചു ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനെ അത് താണ്ടാനവാത്തത്ത്ര ദൂരത്തേയ്ക്ക് അയയ്ക്കുന്നു.

ഇത് പോലെ മറ്റൊരു ജനുവരിയിലാണ് എന്‍റെ മനസ്സെന്ന ആകാശത്തെ കയ്യെത്തി പിടിച്ച ഒരു കൂട്ടുകാരനെ കിട്ടുന്നത്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കു വെച്ച മാത്രയില്‍ തന്നെ തിരിച്ചറിഞ്ഞു ഞങ്ങള്‍ സമാന്തര തരംഗങ്ങള്‍ ആണെന്ന്. ലിങ്കിന്‍ പാര്‍ക്കും മെറ്റാലിക്കയും വ്യാപിച്ചു മരവിച്ച എന്‍റെ സിരകളിലൂടെ അവന്‍ അഷ്ടപദിയുടെ യമുനയൊഴുക്കി. വാക പൂക്കള്‍ കൊഴിഞ്ഞു വീഴുന്ന വഴിയില്‍ കണ്ണും നട്ട് അവനെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് പറയുമ്പോള്‍ അവനു നൂറു നാവായിരുന്നു. അലിവു തുളുമ്പുന്ന അവളുടെ കണ്ണുകള്‍, രാത്രിയുടെ സൌന്ദര്യം ആവാഹിച്ച മുടിയിഴകള്‍, ഇളം ചൂടുള്ള കൈ വിരലുകള്‍, എല്ലാം അവ്യക്ത ചിത്രങ്ങളായി എന്നില്‍ നിറഞ്ഞു നിന്നു. അസ്തമനം കഴിഞ്ഞാല്‍ പിന്നെ എന്‍റെ വിരലുകള്‍ക്ക് മരണത്തിന്‍റെ തണുപ്പാണ്...

വെറും സങ്കല്പം എന്ന് മാത്രം കരുതിയിരുന്ന അവളെന്ന കഥാപാത്രം സത്യമാണെന്ന് എന്‍റെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. അപ്പോഴേയ്ക്കും പിഴുതെറിഞ്ഞാലും വീണ്ടും പടര്‍ന്നു ഓരോ കോശത്തെയും ആക്രമിച്ചു സ്വന്തമാക്കുന്ന അര്‍ബുദമായി മാറി കഴിഞ്ഞിരുന്നു അവനോടുള്ള സ്നേഹം.

സംഭാഷണങ്ങള്‍ ചുരുക്കി ഉള്‍വലിഞ്ഞു അവന്‍റെ ജീവിതത്തില്‍ നിന്നും അടര്‍ന്നു പോന്നപ്പോള്‍, എനിക്ക് ഈ ഏകാന്തതയും നിശബ്ദതയും മാത്രമായിരുന്നു കൂട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ എത്ര മാറി പോയിരിക്കുന്നു എന്ന് തിരിച്ചറിയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് എന്നെ തന്നെ നഷ്ടമായിരിക്കുന്നു എന്ന്.

നിളയുടെ മടിത്തട്ടില്‍ തല ചായ്ച്ചു ചന്ദ്രബിംബത്തെ നോക്കി കിടന്ന അവനും ഏതോ വിദൂര തീരത്തിരുന്നു താരകത്തോട് അവനുള്ള സന്ദേശം പറഞ്ഞയച്ച നിലാവിന്‍റെ മുഖമുള്ള ആ പെണ്‍കുട്ടിയും ഏറെ നാള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നു. എന്നില്‍ നാംബെടുത്തതും പറയാതെ അവശേഷിച്ചതുമായ വാക്കുകളുടെ വേദന മാത്രം വിസ്മരിക്കപ്പെട്ടു...........


സത്യവാങ്ങ്മൂലം: ആത്മകഥാംശം ഇല്ല :)